ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പിതാവ്​ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട്​ പിതാവ്​ അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന്​ കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കു​ന്നത്​ അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. കുടുംബത്തിന്‍റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു​. 'ഇന്ത്യാടുഡേ' ചാനല്‍ പോപുലര്‍ ​ഫ്രണ്ടി​നെതിരെ നടത്തിയ ഒളികാമറ ഓപറേ​ഷ​​​​​ന്‍റെയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്​ഥാനത്തിലായിരുന്നു അപേക്ഷ. ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ രേഖപ്പെടുത്തണമെന്ന അശോക​​​​​ന്‍റെയും എന്‍.ഐ.എയുടെയും വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹേബിയസ്​ കോര്‍പസ്​ ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലല്ല, തുറന്ന കോടതി മുറിയിലാണ്​ ഹാജരാക്കേണ്ടതെന്ന്​ പറഞ്ഞാണ്​ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ ആവശ്യം തള്ളിയത്. ഹാദിയയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ ഭര്‍ത്താവ്​ ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്​ നിലപാട്​ അറിയാന്‍ നേരിട്ട്​ അവരെ ഹാജരാക്കാന്‍ സുപ്രീംകോടതി അശോകനോട്​ നിര്‍ദേശിച്ചത്​. 

Post A Comment: