വീട്ടില്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെ മിഥുനെ പിതാവ് കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു

തൃപ്രയാര്‍: നാട്ടികയില്‍ പിതാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടിക ബീച്ച് കുന്നത്ത് വീട്ടില്‍ മിഥുന്‍റെ മൃതദേഹമാണ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. വലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സി.ഐ ടി.കെ. ഷൈജു, എസ്.ഐ. ഇ.ആര്‍. ബൈജു എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ പിതാവ് അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ മിഥുന്‍ ശ്രമിച്ചിരുന്നു. പിന്നീട് വീട്ടില്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെ മിഥുനെ പിതാവ് കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിന്റെ ഇടതുഭാഗത്താണ് ആഴത്തില്‍ കുത്തേറ്റത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടന്ന വീട്ടില്‍ നിന്ന് പിതാവ് മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Post A Comment: