കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.


Midhun
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായതോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ളവരുടെ തനിനിറം വെളിപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍ പൊതുരംഗത്തുനിന്ന് മാറി നില്‍ക്കണമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും തുടരന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സോളാര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രാജ്യത്തിന് മുന്നില്‍ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെ കോണ്‍ഗ്രസും യുഡിഎഫും അപമാനിതരാക്കി. വിഎം സുധീരന്റെ നിലപാടില്‍ കോണ്‍ഗ്രസ് മറുപടി പറയണം. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള സര്‍ക്കാരിന്റെ നടപടി ജനങ്ങളുടെ വിജയമാണ് കോടിയേരി പറഞ്ഞു.
യുഡിഎഫ് നിശ്ചയിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് അവര്‍ തന്നെ അംഗീകരിക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മുഖം വികൃതമായപ്പോള്‍ കണ്ണാടി തകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമം. പരസ്യമായി പറയാന്‍ കഴിയാത്ത കാര്യങ്ങളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയ സഭയെ പോലും തെറ്റിദ്ധരിപ്പിച്ചു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍വിധിയോ തിടുക്കമോ കാട്ടിയിട്ടില്ലെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും കോടിയേരി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തുന്നത് സിപിഐഎം അല്ല. അവര്‍ക്ക് ഇടയില്‍ത്തന്നെ ഉള്ളവരാണ്. ജാഥയില്‍ നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന് പ്രഖ്യാപിച്ച വിഡി സതീശന്‍ എവിടെപ്പോയെന്നും കോടിയേരി ചോദിച്ചു.


Post A Comment: