പാര്‍ട്ടി മന്ത്രി രാജിവെക്കണമെന്ന ആവശ്യം എന്‍.സി.പി കേന്ദ്രനേതൃത്വം തള്ളി


തിരുവനന്തപുരം: പാര്‍ട്ടി മന്ത്രി രാജിവെക്കണമെന്ന ആവശ്യം എന്‍.സി.പി കേന്ദ്രനേതൃത്വം തള്ളി. തോമസ് ചാണ്ടി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ നേതാവും ആക്ടിങ് സംസ്ഥാന പ്രസിഡന്‍റുമായ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഹൈകോടതി പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തത്. കുറ്റം തെളിയുന്നത് വരെ തോമസ് ചാണ്ടി നിരപരാധിയാണ്. നിയമോപദേശം തോമസ് ചാണ്ടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും പീതാംബരന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍.ഡി.എഫും ആണെന്ന് എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിയുടെ രാജിയും തന്‍റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ല. ഈ വിഷയത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൈയേറ്റ വിവാദത്തില്‍ അകപ്പെട്ട ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സി.പി.എം കൈവിട്ടെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജി കാര്യത്തില്‍ സ്വയം തീരുമാനം എടുക്കാന്‍ തോമസ് ചാണ്ടിയോട് എല്‍.ഡി.ഫ് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് മനസ്സിലാക്കി തീരുമാനമെടുക്കണമെന്നുമാണ് മുന്നണി നേതൃത്വം നല്‍കിയ സന്ദേശമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദം മുന്നണിക്കും സര്‍ക്കാറിനും അവമതിപ്പുണ്ടാക്കുന്നുവെന്നും സന്ദേശത്തിലുണ്ട്.

Post A Comment: