ഹാദിയയെ കാണുന്നതില്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാനും മാതാപിതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.

സേലം: സുപ്രീംകോടതി നിര്‍ദേശ പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയയെ സേലത്ത് എത്തിച്ചു. വൈകീട്ട് ഏഴു മണിയോടെയാണ് ഹാദിയ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് തിരിച്ചത്.
കോയമ്ബത്തൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം റോഡ് മാര്‍ഗം കനത്ത സുരക്ഷയിലാണ് ഹാദിയയെ സേലത്തെ കോളേജിലെത്തിച്ചത്. അധികൃതരുംപ്രിന്‍സിപ്പാളുമടക്കമുള്ളവര്‍ നേരത്തെ കോളേജിലെത്തിയിരുന്നു.
ഇതിനിടെ ഹാദിയയെ കാണുന്നതില്‍ ഭര്‍ത്താവ് ഷഫീന്‍ ജഹാനും മാതാപിതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ഷഫീന്‍ ജഹാന്‍ ഹാദിയയെ കാണാനെത്തിയാല്‍ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ഹാദിയയെ കാണുന്നതില്‍ കോടതിയുടെ വിലക്കില്ലെന്നും അവരെ സേലത്തെത്തി കാണുമെന്നും ഷഫീന്‍ ജഹാനും വ്യക്തമാക്കി. ഭര്‍ത്താവായ ഷഫീന്‍ ജഹാനെ കാണമെന്ന ഉറച്ച നിലപാടിലാണ് ഹാദിയയും. കോയമ്ബത്തൂരിലേക്ക് തിരിക്കും മുമ്ബ് ഡല്‍ഹി വിമാനത്താവളത്തില്‍ ഹാദിയ നിലപാട് ആവര്‍ത്തിച്ചു.
അതേ സമയം ഹാദിയയെ കാണുന്നതില്‍ ആര്‍ക്കൊക്കെ അനുമതി നല്‍കണമെന്ന കാര്യത്തില്‍ കോളേജ് അധികൃതര്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിച്ചു. കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. തമിഴ്നാട് പോലീസിനാണ് ഹാദിയയുടെ സുരക്ഷാ ചുമതല.


Post A Comment: