വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തുരങ്ക നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

തൃശൂര്‍: വടക്കാഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍  തുരങ്ക നിര്‍മാണത്തില്‍ ഗുരുതര അപാകതകളെന്നു കണ്ടെത്തല്‍. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തുരങ്ക നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇരുമ്പുപാലം ഭാഗത്തുനിന്നും തുരങ്കപ്പാതയുടെ ആദ്യ മുന്നൂറുമീറ്റര്‍ ക്രോസ് പാസേജിലാണ് പാറകള്‍ക്കു വലിയ ബലക്ഷയം കണ്ടെത്തിയത്. എന്നാല്‍, ഈ ബലക്ഷയം പരിഹരിക്കാതെയാണ് തുരങ്കപ്പാതയുടെ കോണ്‍ക്രീറ്റിംഗ് പണികള്‍ നടക്കുന്നത്. പാറകള്‍ക്കു ബലക്കുറവുള്ള ഭാഗങ്ങളില്‍ സ്റ്റീല്‍ റിബ്‌സുകള്‍ സ്ഥാപിച്ചു ബലപ്പെടുത്തണമെന്നിരിക്കേ അതുമുണ്ടായില്ല. തുരങ്കങ്ങള്‍ക്കുള്ളില്‍ പാറമടക്കുകള്‍ അടര്‍ന്നുവീഴുന്ന സ്ഥിതിയുണ്ടായാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക. തുരങ്കത്തിനുള്ളില്‍ രണ്ടിടത്തു ശക്തമായ ഉറവയും കണ്ടെത്തിയിരുന്നു. 

തുരങ്കപ്പാത നിര്‍മാണത്തിലും മതിയായ സുരക്ഷാ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. തുരങ്കങ്ങള്‍ക്കുള്ളില്‍ ബൂമര്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നുതിനു പകരം പാറകള്‍ പൊടിയാക്കി മാറ്റുന്ന ടണല്‍ ബോറിംഗ് മെഷീന്റെ സഹായത്തോടെ പാറതുരക്കേണ്ടതായിരുന്നു. ഈ സംവിധാനം ഉപയോഗിക്കാതെയാണ് ബൂമര്‍ ഉപയോഗിച്ച് പാറകളില്‍ നാലുമീറ്റര്‍ ആഴത്തില്‍ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് പാറ പിളര്‍ത്തിയിരുന്നത്. തുരങ്കത്തിനായി ഉഗ്രസ്‌ഫോടനത്തോടെ പാറപൊട്ടിച്ചതുമൂലം പാറകള്‍ക്കുള്ളില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നും പിന്നീടത് അപകട കാരണമാകുമെന്നുമാണ് വിലയിരുത്തല്‍.

തുരങ്കത്തിനുള്ളില്‍ പാറപൊട്ടിക്കുമ്പോള്‍ വലിയ ഭൂചലനം പോലെയാണ് പ്രദേശം കുലുങ്ങിയിരുന്നത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍വരെ പാറപൊട്ടിക്കുന്നതിന്റെ ചലനങ്ങളുണ്ടായി. ഇങ്ങനെയിരിക്കേ തുരങ്കത്തിനുള്ളില്‍ പാറകള്‍ക്ക് വലിയ ബലക്ഷയം ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിദ്ഗധരും അഭിപ്രായപ്പെടുന്നത്. നിര്‍മാണം കഴിഞ്ഞു വാഹനങ്ങള്‍ കടത്തിവിടും മുമ്പ് തുരങ്കത്തിനുളളില്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.


Post A Comment: