ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പുമായി കൈകോര്‍ത്ത് തെലങ്കാന സര്‍ക്കാര്‍.


ഹൈദരാബാദ്: ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പുമായി കൈകോര്‍ത്ത് തെലങ്കാന സര്‍ക്കാര്‍. സര്‍ക്കാരും പതഞ്ജലിയും തമ്മിലുള്ള കരാര്‍ പ്രകാരം 1,000 കോടി രൂപ നിക്ഷേപമാണ് തെലങ്കാനയില്‍ ഉണ്ടാകുക. ഇതുസംബന്ധിച്ച്‌ കരാറില്‍ ഇരുവിഭാഗവും ഏര്‍പ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാനരീതിയില്‍ ഉത്തരാഖണ്ഡ് ഹരിയാണ സര്‍ക്കാരുകളുമായി പതഞ്ജലി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. തെലങ്കാനയില്‍ ഫുഡ് പാര്‍ക്ക് ആണ് നിര്‍മിക്കുക. വ്യത്യസ്ത പേരുകളില്‍ പലവിധ ഉത്പന്നങ്ങള്‍ പതഞ്ജലി വിപണിയിലിറക്കുന്നുണ്ട്. വര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇതുവഴി ഇവര്‍ക്ക് ലഭിക്കുന്നത്. തെലങ്കാന സര്‍ക്കാര്‍ പ്രതിനിധിയായി ഹരിദ്വാറില്‍ ചെന്നതും മെമ്മോറാണ്ടം ഒപ്പിട്ടതും മുഖമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കവിതയാണ്. നിസാമാബാദിലാണ് പാര്‍ക്ക് സ്ഥാപിക്കുകയെന്ന് കവിത പിന്നീട് പറഞ്ഞു. ഇതുവഴി ഒട്ടേറെ ഗ്രാമീണര്‍ക്ക് തൊഴില്‍ ലഭിക്കുകയും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നും കവിത വ്യക്തമാക്കി. ന്യൂഡില്‍സ് മുതല്‍ ഫേസ്ക്രീം വരെ പതഞ്ജലി കൈവെക്കാത്ത മേഖലകളില്ല. പതഞ്ജലിയുടെ ചില ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി നേരത്തെ തടഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ഉന്നത സ്വാധീനമുള്ള പതഞ്ജലി ഇവയെല്ലാം നിഷ്പ്രയാസം മറികടന്ന് വിപണിയിലെ വമ്പന്മാരായിക്കഴിഞ്ഞു.

Post A Comment: