റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനു നുണകള്‍ ആവര്‍ത്തിക്കുന്നതായി പോലീസ്.
തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് ഏജന്റ് രാജീവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനു നുണകള്‍ ആവര്‍ത്തിക്കുന്നതായി പോലീസ്. രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്ന് സമ്മതിച്ച ഉദയഭാനു കുറ്റം ചെയ്തത് താനല്ലെന്നും പറഞ്ഞു. ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിന് അടുത്തുള്ള സഹോദരന്‍റെ വീട്ടില്‍ നിന്നും ഉദയഭാനുവിനെ പോലീസ് അറസ്റ്റു ചെയ്തത്. രാത്രി തന്നെ അദ്ദേഹത്തെ ചാലക്കുടി സര്‍ക്കിള്‍ ഓഫീസിലെത്തിച്ചു. ശേഷം റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാട് ഉദയഭാനു ആവര്‍ത്തിച്ചത്.

പ്രതിയായ ചക്കര ജോണിക്ക് നിയമോപദേശം നല്‍കുകയാണ് താന്‍ ചെയ്തത്. അവര്‍ക്കുവേണ്ടി കേസുകള്‍ നടത്തിയിട്ടുണ്ട് - ഉദയഭാനു പറഞ്ഞു. ഈ വാദങ്ങളൊന്നും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ശാസ്ത്രീയമായ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. ഉച്ച തിരിഞ്ഞ് മെഡിക്കല്‍ പരിശോധനക്ക് ശേഷം ഉദയഭാനുവിനെ ചാലക്കുടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Post A Comment: