നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.




കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടി രൂപയ്ക്കാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ദിലീപിന് നടിയോട് പൂര്‍വ്വവൈരാഗ്യമുണ്ടെന്നും ആ പകയാണ് ആക്രമിക്കപ്പെടാന്‍ അതാണ് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.  ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മുന്‍ഭാര്യ മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മലയാള സിനിമയില്‍ നിന്നും നടിയെ മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിക്കുകയും ചെയ്തെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്.

Post A Comment: