ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്

ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ 23 കാരിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംസാരിക്കുന്നതിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തി. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്ഥലത്തുനിന്ന് രക്ഷപെട്ടു.
യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


Post A Comment: