കണ്ടല്‍കാടുകള്‍ നാശത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇവയുടെ കാവലാളാവുകയാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളിയായ യുവാവ്


തൃശൂര്‍: അപൂര്‍വയിനം കണ്ടല്‍കാടുകള്‍ നാശത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇവയുടെ കാവലാളാവുകയാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളിയായ യുവാവ്. പാവറട്ടി കൂരിക്കാട് സ്വദേശിയായ പുതുവീട്ടില്‍ ഉസ്മാനാണ് രണ്ടു പതിറ്റാണ്ടിലേറെയായി കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിലൂടെ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. തന്‍റെ ഉപജീവന മാര്‍ഗത്തിനു കണ്ടല്കാടുകള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് മനസിലാക്കിയ ഉസ്മാന്‍ കണ്ടലുകളെ പരിചരിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. അങ്ങനെ കണ്ടല്‍കാടുകള്‍ സംരക്ഷിച്ചും കായല്‍ തീരത്ത് പുതിയ കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തിയും ഉസ്മാന്‍ മറ്റു മത്സ്യതൊഴിലാളികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. കണ്ടല്‍ കാടുകളെയും അതുവഴി  പ്രകൃതിയേയും സംരക്ഷിച്ച് നിര്‍ത്തുന്ന ഉസ്മാന്‍റെ അടുക്കലേക്ക്‌ നിരവധി വിദ്യാര്‍ഥികളാണ് ഇവയെ കുറിച്ചുള്ള അറിവ് തേടി എത്തുന്നത്‌. ഏതു തരം സംശയങ്ങള്‍ക്കും തനതായ ശൈലിയിലുള്ള ഉത്തരവും ഉസ്മാന്‍റെ പക്കലുണ്ട്. അനുഭവത്തിലൂടെ ആര്‍ജിച്ചെടുത്ത അറിവുകള്‍ പകര്‍ന്നുകൊടുക്കുമ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അതൊരു പുത്തന്‍ അനുഭൂതിയാണ് സമ്മാനിക്കുന്നത്. തന്‍റെ വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയ നഴ്സറിയില്‍ ഉസ്മാന്‍ കണ്ടല്‍ തൈകള്‍ നട്ടുവളര്‍ത്തുന്നതോടൊപ്പം തയ്കള്‍  ആവശ്യാനുസരണം  വിതരണവും ചെയ്യുന്നു. എഴുത്താണി കണ്ടല്‍, ഉപ്പരത്ത, ചുള്ളികണ്ടല്‍, കാല്‍നീണ്ടികണ്ടല്‍ തുടങ്ങിയവയാണ് പ്രധാനമായും ഉസ്മാന്‍ കായലോരത്ത് നട്ടുവളര്‍ത്തുന്നത്. പിതാവ് മൊയ്തീനില്‍നിന്നും പകര്‍ന്നു കിട്ടിയ  പാഠങ്ങള്‍ കണ്ടല്‍ പരിപാലനത്തിന് ഏറെ സഹായകമായെന്നു ഉസ്മാന്‍ പറയുന്നു. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം മത്സ്യസമ്പത്ത് ഗണ്യമായ രീതിയില്‍ ഉയര്‍ത്താനും കണ്ടല്‍ ചെടികള്‍ ഏറെ സഹായകരമാണെന്നാണ് ഉസ്മാന്‍റെ ഭാഷ്യം.

Post A Comment: