അരനൂറ്റാണ്ട് കാലം സംസ്ഥാനത്തെ തന്നെ അച്ചടി മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന വിക്ടറി പ്രസ്‌ പൊളിച്ചു നീക്കി തുടങ്ങി.

കുന്നംകുളത്തിന്‍റെ വാണിജ്യ പെരുമയുടെ മറ്റൊരടയാളം കൂടി മായുന്നു. അരനൂറ്റാണ്ട് കാലം സംസ്ഥാനത്തെ തന്നെ  അച്ചടി മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന വിക്ടറി പ്രസ്‌ പൊളിച്ചു നീക്കി തുടങ്ങി. വാണിജ്യത്തിന്‍റെയും വിശിഷ്യാ അച്ചടിയുടെയും ഈറ്റില്ലമായിരുന്ന കുന്നംകുളത്തെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു വിക്ടറി പ്രസിന്‍റെത്.  അച്ചടി മേഖലയിലെ ആധുനിക വത്കരണത്തില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്ന് രണ്ടു കൊല്ലം മുന്‍പ് പ്രസ് അടച്ചു പൂട്ടിയിരുന്നു. അപ്പോഴും ഓര്‍മകളില്‍ ചരിത്രം പേറി പ്രൌഡിയോടെതന്നെ ഈ അഞ്ചു നിലകെട്ടിടം തലയുയര്‍ത്തി നിന്നിരുന്നു. നഗരത്തില്‍ വലിയ കെട്ടിടങ്ങള്‍ പലതും ഉയര്‍ന്നെങ്കിലും പഴമക്കാര്‍ക്കിടയില്‍ നിന്നും  ഈ കെട്ടിടം നഗര വികസനത്തിന്‍റെ അടയാളമായി നിലനിന്നു . ആ അടയാളമാണ് ഇപ്പോള്‍ മായുന്നത്. കെട്ടിടം പൊളിച്ചു മാറ്റി അര ഏക്കറോളം വരുന്ന ആ സ്ഥലത്ത് വ്യാപാര സമുച്ചയം നിര്‍മ്മിക്കാനാണ് ഉടമസ്ഥര്‍ തയ്യാറെടുക്കുന്നത്.

ഒരു കാലത്ത് സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പ്രധാനപെട്ട എല്ലാ ബില്ലുകളും മറ്റു കടലാസുകളും പാട പുസ്തകങ്ങളും അച്ചടിച്ചിരുന്നത് വിക്ടറി പ്രസിലാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ആധുനിക യന്ത്രങ്ങള്‍ ഉള്ള പ്രസ് ആയിരുന്നു വിക്ടറി. കുന്നംകുളത്തെ പ്രധാന വ്യാപാരികളില്‍ ഒരാളായിരുന്ന പാവുണ്ണിയാണ് പ്രസിന്ന് തുടക്കം കുറിച്ചത്.   കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളെല്ലാം ഇവിടെയെത്തി ആതിഥ്യം സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിന്ഹങ്ങളും അച്ചടിചിരുന്നതും ഇവിടെ തന്നെ ആയിരുന്നു. പ്രസിന്റെ ഏറ്റവും നല്ല കാലഘട്ടത്തില്‍ പാലക്കാട്ടെ കഞ്ചികോടും, ഗള്‍ഫിലും യുനിട്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാല ക്രമേണ ഇവയും ഏറ്റവും ഒടുവില്‍ കുന്നംകുളത്തെ പ്രസിനും പൂട്ട്‌ വീഴുകയായിരുന്നു. പാവുണ്ണിയുടെ മരണ ശേഷം മക്കളായ കെ പി ഡേവിസും, കെ പി സാക്സനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്നത്. നിലവില്‍ ചെറിയ തോതില്‍ പാറേമ്പാടത്ത് ചെറിയ ഒരു യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പടി പടിയായി നഗരത്തിന്‍റെ വികസന കാലഘട്ടത്തിലെ സ്മാരകങ്ങള്‍ നിലം പൊത്തുമ്പോളും പുത്തന്‍ തലമുറ പകരമുയരുന്ന ന്യൂ ജെന്‍ വിസ്മയങ്ങളില്‍ അഭിരമിക്കുകയാണ്‌. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നഗരത്തിലെ ബൈജു തിയറ്ററും പൊളിച്ചു നീക്കിയിരുന്നു.

Post A Comment: