നാലുവയസുകാരിയെ തട്ടി കൊണ്ടുവന്നയാള്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലിസ് പിടിയിലായി


കുന്നംകുളം: നാട്ടുകാരുടെയും പോലീസിന്‍റെയും ഇടപെടല്‍ തുണയായി നാല് വയസുകാരി കാജലിന് പുതു ജന്മം. യാചക വേഷത്തിലെത്തി തൃശൂരില്‍ നിന്നും നാലുവയസുകാരിയെ തട്ടി കൊണ്ടുവന്നയാള്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലിസ് പിടിയിലായി. കുട്ടിയെ മോചിപ്പിച്ചു. കൊല്ലം കുണ്ടറ സ്വദേശി വിജയന്‍ (43) ആണ് തൃശൂര്‍ പൂത്തോള്‍ പോട്ടയില്‍ ലൈനില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരി കജലിനെ തട്ടി കൊണ്ടുവന്ന കേസില്‍ പോലിസ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് 7 മണിയോടെ കുന്നംകുളം അരി മാര്‍കറ്റിനു സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട വിജയനെയും കുട്ടിയേയും നാടുകാര്‍ തടഞ്ഞു വെക്കുകയും പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടി തൃശൂരില്‍ നിന്നും കാണാതായ കുട്ടിയാണെന്ന് മനസിലായത്. പ്രതിയുടെ കയ്യില്‍ നിന്നും പൂത്തോളിലുള്ള വിദേശമദ്യ ശാലയിലെ ബില്‍ കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് തൃശൂര്‍ വെസ്റ്റ് പോലിസിനെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് വൈകുന്നേരത്തോടെ പൂത്തോള്‍ പോട്ടയില്‍ ലൈനില്‍ താമസിക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശിനി റീന ബസന്തിന്റെ സഹോദരിയുടെ നാലുവയസുകാരി മകള്‍ കജലിനെ കാണാതായ വിവരം സ്ഥിരീകരിക്കുന്നത്. വൈകിട്ട് ഇവരുടെ വീട്ടില്‍ യാചക വേഷത്തിലെത്തിയ പ്രതി വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സമയം നോക്കി തട്ടിയെടുക്കുകയായിരുന്നു. വാട്ട്സ്ആപ് വഴി കുട്ടിയുട്ടെ ഫോട്ടോ കൈമാറിയ ഉദ്ധ്യോഗസ്ഥര്‍ കാണാതായ കുട്ടി ഇത് തന്നെയാണെന്ന് ഉറപ്പിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. മൂന്നു വര്ഷം മുന്‍പാണ് ഉത്തര്‍പ്രദേശ് അജംകല്‍ സ്വദേശി  രമേശ്‌ ­- പൂനം  ദമ്പതികളുടെ മകള്‍ കാജല്‍ പൂനത്തിന്‍റെ സഹോദരിയോടൊപ്പം കേരളത്തില്‍ എത്തുന്നത്‌.  

Post A Comment: