വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി ജലസേചനം നടത്തുകയും, അതിനുവേണ്ട സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ മുന്നിട്ടറങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കുന്നംകുളം: കാര്‍ഷിക മേഖലയുടെ വികസനത്തിനും, ലക്ഷ്യപ്രാപ്തിക്കും  വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുള്ള വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്കിമിന്‍റെ പമ്പിംഗിന് മുന്നോടിയായുള്ള യോഗത്തില്‍ സംസ്കാരിക്കുകയായിരുന്നു  മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി ജലസേചനം നടത്തുകയും, അതിനുവേണ്ട സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ മുന്നിട്ടറങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തിരുത്തിക്കാട് ബണ്ടില്‍ ചേരുന്ന കക്കാട്, വേദക്കാട് തോടുകള്‍ക്ക് ബണ്ട് നിര്‍മ്മിച്ച് അതിനോട് ചേര്‍ന്നുള്ള പാടശേഖരങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് കര്‍ഷകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും, നൂറടിത്തോടില്‍ താല്ക്കാലിക ബണ്ടുകള്‍ക്ക് പകരം സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തുറക്കുളം മാര്‍ക്കറ്റിലെ മലിനജലം പാടശേഖരങ്ങളിലേക്ക് ഒഴുക്കിവിടുന്നതിന് പരിഹാരം കണ്ടെത്തുകയും, മാലിന്യം കുമിഞ്ഞുകൂടി തരിശായി കിടക്കുന്ന കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കുന്നംകുളം നഗരസഭ, കാട്ടകാമ്പാല്‍, പോര്‍ക്കുളം പഞ്ചായത്തുകളില്‍ പരന്നുകിടക്കുന്ന പാടശേഖരങ്ങളിലെ കര്‍ഷകരും, പാടശേഖരസമിതി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വെട്ടിക്കടവ് മുതല്‍ കരിച്ചാല്‍കടവ് വരെയുള്ള തോട്ടിലെ ചണ്ടി (കുളവാഴ) നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായി  ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, കട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സികെ സദാനന്ദന്‍, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ബാബു. കൗണ്‍സിലര്‍ കെഎ അസീസ്, വടക്കാഞ്ചേരി മൈനര്‍ ഇറിഗേഷന്‍ അസി എക്സി എഞ്ചിനീയര്‍ സുരേഷ്ബാബു, അസി എഞ്ചിനീയര്‍മാരായ ഗീവര്‍, ഡേവിഡ് സാം, കെഎസ്ഇബി എഇ ആന്‍റോ എന്നിവര്‍ പങ്കെടുത്തു. Post A Comment: