വയലാര്‍ അവാര്‍ഡ്‌ ജേതാവ് ടി ഡി രാമകൃഷ്ണന് കുന്നംകുളത്ത് നല്‍കിയ പൌരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കുന്നംകുളം: തന്‍റെ മാധ്യമത്തില്‍ സാഹസികമായ പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോഴാണ് സാഹിത്യകാരന്‍ ധീരനാകുന്നതെന്ന് മുന്‍ സാംസ്കാരിക മന്ത്രി എം എ ബേബി.
 ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്‌ ജേതാവ് ടി ഡി രാമകൃഷ്ണന് കുന്നംകുളത്ത് നല്‍കിയ പൌരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍റെ ചലനങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇത്തരത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പുതുവഴികള്‍ വെട്ടി തെളിക്കാനാകുകയുള്ളൂ എന്നും എം എ ബേബി പറഞ്ഞു. അപമാനകരമായ ഭീരുത്വം നാടിന്റെ മുഖമുദ്രയാകുന്ന കാലഘട്ടത്തില്‍ ഇവയെ ചോദ്യം ചെയ്യാനും, തങ്ങള്‍ക്കിഷ്ടമില്ലാത്തത് ചെയ്യുന്നവരുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍ പോലും ഭയമില്ലാത്ത ഒരു സംഘം നില്‍ക്കുമ്പോഴും ധാര്‍മികതയില്‍ വന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകളെ പിടിച്ചെടുക്കാനും ധീരമായി അവതരിപ്പികാനും ടി ഡി രാമകൃഷ്ണന് കഴിഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം അഭിപ്രായപെട്ടു.


നഗരസഭാ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ടി ഡി രാമകൃഷ്ണനുള്ള കുന്നംകുളം പൌരാവലിയുടെ ഉപഹാരം എം എ ബേബി സമ്മാനിച്ചു. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ ഉപഹാര സമര്‍പ്പണം നടത്തി. അവാര്‍ഡിന് അര്‍ഹമായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്നാ നോവലിനെ കുറിച്ച് ഡോ: എം വി നാരായണന്‍, പി എന്‍ ഗോപികൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി, വി കെ ശ്രീരാമന്‍, ടി കെ വാസു, പി എം സുരേഷ്, എ വി സുമതി, കെ പി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. 

Post A Comment: