നേരത്തെ കോര്‍പ്പറേഷനും തപാല്‍ വകുപ്പുമായി ഒപ്പിട്ട ധാരണാപത്രത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.

തൃശൂര്‍: പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര കാബിനറ്റ് തീരുമാനത്തെ മറികടന്നു കൊണ്ടുള്ള തപാല്‍ വകുപ്പിന്‍റെ പുതിയ വ്യവസ്ഥകള്‍ക്കെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. നേരത്തെ കോര്‍പ്പറേഷനും തപാല്‍ വകുപ്പുമായി ഒപ്പിട്ട ധാരണാപത്രത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പുതിയ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 3,500 സ്‌ക്വയര്‍ഫീറ്റില്‍ കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതുവരെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നതടക്കമുള്ള പുതിയ ഒട്ടേറെ വ്യവസ്ഥകളാണ് തപാല്‍ വകുപ്പ് മുന്നോട്ടു വച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്നും കോര്‍പ്പറേഷന്‍, തപാല്‍ വകുപ്പിന് കീഴടങ്ങിയെന്നും കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കേന്ദ്ര മന്ത്രിസഭയ്ക്കു മുകളിലാണോ തപാല്‍ വകുപ്പെന്ന വിമര്‍ശനവും യോഗത്തിലുയര്‍ന്നു. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും പുനപരിശോധിക്കണമെന്നും ജോണ്‍ ഡാനിയേല്‍, എം.എസ്.സമ്പൂര്‍ണ, ഗ്രീഷ്മ അജയഘോഷ്, വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ എംപി മാരെക്കുറിച്ചുള്ള ജോണ്‍ ഡാനിയേലിന്‍റെ പരാമര്‍ശത്തിനെതിരെ സിപിഐ അംഗങ്ങള്‍ പ്രതിഷേധിച്ചു. പഴയ ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ധാരണയായി. മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷത വഹിച്ചു.


Post A Comment: