അത്യാഹിതം, ലേബര്‍ റൂം, ഐസിയു എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ സമരമുണ്ടാകില്ല.തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനുവരി നാലിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചിട്ടും സമരം തുടങ്ങിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും, സമരക്കാര്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചക്കു തയാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായവര്‍ധനയ്ക്കെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി പണിമുടക്ക് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും പി.ജി, സീനിയര്‍ റസിഡന്റ്സ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും പഠിപ്പുമുടക്കി സമരം നടത്തുകയാണ്. സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ അത്യാഹിതം, ലേബര്‍ റൂം, ഐസിയു എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ സമരമുണ്ടാകില്ല. എന്നാല്‍, ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കു പുറമേ അധിക ഡ്യൂട്ടിയായി ഡോക്ടര്‍മാരുടെ സേവനമുണ്ടാകില്ല.  കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കാമെന്ന ഉറപ്പാണു മന്ത്രി കെ.കെ ശൈലജ അന്നു നല്കിയത്. എന്നാല്‍, ഈ വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്കെടുത്തില്ലെന്നും അതുകൊണ്ടാണു സമരത്തിലേക്കു നീങ്ങുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.യു.ആര്‍. രാഹുല്‍ പറഞ്ഞു.

Post A Comment: