സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പെട്ട സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

തിരുവനന്തപുരം: ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ പി സദാശിവത്തിന് പരാതി നല്‍കി. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്‍റെ ഭരണ തലവനായ ഗവര്‍ണ്ണറെ സമീപിച്ചത് . സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പെട്ട സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
പിണറായി വിജയന്‍ ഭരണത്തില്‍ ഏകപക്ഷീയമായി ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 15 ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ 600ല്‍ അധികം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
100 കണക്കിന് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്‌ അക്രമ സംഭവങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. തൃശൂര്‍, കോട്ടയം ജില്ലകളിലും സിപിഐഎം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് തടയാന്‍ ഗവര്‍ണ്ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
കൊലപാതകങ്ങള്‍ രാജ്യത്ത് ചര്‍ച്ചയായതോടെ സിപിഐഎം അക്രമത്തിന്‍റെ രീതി മാറ്റിയിരിക്കുകയാണ്. ആളെ കൊല്ലുന്നതിന് പകരം കൊല്ലാക്കൊല നടത്തുകയാണ്. സാധാരണ ജീവിതത്തിലേക്ക് ഒരിക്കല്‍ പോലും തിരിച്ചു വരാനാകാത്ത വിധമാണ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം അക്രമിക്കുന്നത്.
സമാധാനം ഉറപ്പാക്കുന്നതിന് സര്‍ക്കാരുമായി എല്ലാ തലത്തിലും ബിജെപി സഹകരിച്ചു. മുഖ്യമന്ത്രി വിളിച്ച സമാധാന യോഗങ്ങളില്‍ പങ്കെടുത്ത് സഹകരണം വാഗ്ദാനം ചെയ്തു . ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും സിപിഐഎം അക്രമം അനുദിനം കൂടുകയാണ്. ആഭ്യന്തരമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി റിപ്പോര്‍ട്ട് തേടി ഉചിതമായ തുടര്‍ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണ്ണര്‍ ബിജെപി സംഘത്തിന് ഉറപ്പ് നല്‍കി. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോക്ടര്‍ പിപി വാവ, വക്താവ് ജെആര്‍ പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു


Post A Comment: