ന്യൂ ജെന്‍ ഫ്രീക്കന്മാക്കും ഫ്രീക്കത്തികള്‍ക്കും മാതൃകയായിരുന്നു മനീഷ എന്ന പെണ്‍കുട്ടി.


പറവൂര്‍: ന്യൂ ജെന്‍ ഫ്രീക്കന്മാക്കും ഫ്രീക്കത്തികള്‍ക്കും മാതൃകയായിരുന്നു മനീഷ എന്ന പെണ്‍കുട്ടി. തുടക്കത്തില്‍ നാട്ടികയിലെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വീടു പുലര്‍ത്തി. പിന്നീട് അച്ഛനില്ലാത്ത കുടുംബത്തെ താങ്ങി നിര്‍ത്താനും വീടും പഠനവും ഒരുമിച്ച്‌ കൊണ്ടു പോകാനും മീന്‍ വില്‍പ്പനയിലേക്ക് കളം മാറ്റി ചവിട്ടി. ഒടുവില്‍ തൊഴിലിന്‍റെ ഭാഗമായുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം. രണ്ട് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു റോഡില്‍ പൊലിഞ്ഞു പോയ മനീഷ. പറവൂരിലെ ആലുംമാവ് ജംക്ഷനില്‍ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിലാണ് മനീഷ എന്ന 24കാരി മരണമടഞ്ഞത്. മനീഷ വെറുമൊരു പെണ്ണു മാത്രമായിരുന്നില്ല. ഒരു കുടുംബത്തിന്‍റെ വിശപ്പടക്കാനും പഠിക്കാനും വേണ്ടി സ്റ്റാറ്റസ് നോക്കുന്ന മലയാളികള്‍ക്കിടയില്‍ നിന്ന് ജീവിതത്തിലേക്ക് സധൈര്യം ഇറങ്ങി ചെന്നവളായിരുന്നു. വലപ്പാട് കോതകുളം ബീച്ച്‌ പതിശേരി പരേതനായ ജയസേനന്‍റെ മകള്‍ മനീഷ എന്ന 24കാരിയാണ് പ്രതീക്ഷകളെല്ലാം ബാക്കിവെച്ച്‌ യാത്രയായത്. സുഹൃത്തും സിഐടിയു തൊഴിലാളിയുമായ അഭിമന്യുവിനൊപ്പം സ്കൂട്ടറില്‍ വരുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശിയ പാതയില്‍ മുനമ്പം കവലയ്ക്കും ആലുമ്മാവിനുമിടയില്‍ അപകടം സംഭവിച്ചത്. അഭിമന്യു(50)വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനീഷ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ടോറസ് ലോറി തട്ടി വണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ലോറി കയറി ഇറങ്ങി. അഭിമന്യു എതിര്‍വശത്തേക്ക് വീണു. മനീഷ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അമ്മ മണിയുടെയും സഹോദരിമാരായ അനീഷയ്ക്കും മനീഷയ്ക്കും താങ്ങും തണലുമായിരുന്നു മനീഷ. ബിഎ ബിരുദമുള്ള മനീഷയും എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്‍റെ മകള്‍ പ്രിയയും ചേര്‍ന്നാണ് മീന്‍കച്ചവടം നടത്തിപ്പോന്നത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പ്രിയ ബാംഗ്ലൂരില്‍ പഠിക്കുകയാണ്. പ്രിയ ബാംഗ്ലൂരിലേക്ക് പോയപ്പോള്‍ മനീഷ തനിച്ച്‌ മീന്‍ കച്ചവടം നടത്തി വരികയായിരുന്നു.

Post A Comment: