മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ തലയ്ക്കടിച്ച്‌ കൊന്നു
പിറവം: മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ തലയ്ക്കടിച്ച്‌ കൊന്നു.  പിറവം സ്വദേശി കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ഫോണില്‍ തന്നെക്കുറിച്ച്‌ ബന്ധുവിനോട് പരാതി പറഞ്ഞതിനാണ് മകന്‍ ജയിംസ് വര്‍ക്കി (40) പിതാവിനെ ചവിട്ടി വീഴ്ത്തി തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട ജയിംസിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  മദ്യപിച്ചെത്തിയ മകന്‍ രാവിലെ വക്കച്ചന്‍ ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച്‌ സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.  മൂവാറ്റുപുഴ സി.ഐ ജയകുമാറിന്റേയും പിറവം എസ്.ഐ കെ.വിജയന്റേയും നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. കൊലപാതകം നടത്തിയ ജയിംസ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും, ഇയാള്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. നേരത്തെ പിറവം പൊലീസിന്‍റെ നേതൃത്വത്തില്‍ ഇയാളെ ഡീ അഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിംസിന്‍റെ ഭാര്യ വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വക്കച്ചന്‍ മകനെക്കുറിച്ച്‌ ബന്ധുക്കളോട് മോശമായ ആരോപണങ്ങള്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.  അതേസമയം, സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് പിറവം പൊലീസ് അറിയിച്ചു.

Post A Comment: