കുപ്രസിദ്ധ കുറ്റവാളി നീരജ് ബാവനയുടെ അനുയായിയില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്

ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ മറ്റൊരു കുപ്രസിദ്ധ കുറ്റവാളി നീരജ് ബാവനയുടെ അനുയായിയില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.
റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിഹാര്‍ ജയിലില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. നീരജിന്‍റെ അനുയായി മദ്യപാനത്തിനിടെ അബദ്ധത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തിഹാര്‍ ജയിലില്‍ തന്നയാണ് ബാവനയും കഴിയുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
ഇതിനിടെ നീരജിന്‍റെ സെല്ലില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ അവസാനത്തെ സെല്ലിലാണ് ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്. ഇയാള്‍ക്ക് പ്രത്യേകം സുരക്ഷാഭടന്മാരും പാചകക്കാരനുമുണ്ട്.
1993ലെ മുംബൈ സ്‌ഫോടനത്തിന് പിന്നാലെയാണ് ദാവൂദും ഛോട്ടാ രാജനും തമ്മില്‍ തെറ്റിയത്. പിന്നീട് ബാങ്കോക്കില്‍ വെച്ച് ദാവൂദിന്‍റെ ആളുകള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഛോട്ടാ രാജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 2015ല്‍ ഇന്തോനേഷ്യയില്‍ വെച്ചാണ് ഛോട്ടാ രാജന്‍ അറസ്റ്റിലായത്.


Post A Comment: