തന്നെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡിജിപി ജേക്കബ് തോമസ്


തിരുവനന്തപുരം: തന്നെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. പുസ്തകം എഴുതിയതിനാണോ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണോ സസ്‌പെന്‍ഷന്‍ കാരണമെന്ന് അറിയില്ല. ഉത്തരവ് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ പ്രതിരിക്കാമെന്ന് ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത്. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ജേക്കബ് തോമസിന്‍റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.

Post A Comment: