വാഹന വില്‍പന കൂടിയതല്ല മറിച്ച്‌ രജിസ്ട്രേഷന്‍ ഉയര്‍ന്നതാണ് വരുമാനം ഉയരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം : പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തി കേരളത്തിലോടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നികുതി വരുമാനം ഉയര്‍ന്നെന്നും ധനമന്ത്രി അറിയിച്ചു.
വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച രണ്ട് കേസുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പല ഉന്നതരും മാന്യന്മാരും നികുതി ഒടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും നികുതി വരുമാനം താഴേക്ക് പോയി. എന്നാല്‍ മോട്ടോര്‍ വാഹന നികുതിയില്‍ മാത്രം 22 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വാഹന വില്‍പന കൂടിയതല്ല മറിച്ച്‌ രജിസ്ട്രേഷന്‍ ഉയര്‍ന്നതാണ് വരുമാനം ഉയരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. 
ആളുകള്‍ മനപൂര്‍വം നികുതി വെട്ടിക്കാനായി ചെയ്യുന്നതാണെന്ന് കരുതുന്നില്ല. നിയമലംഘനമാണ് നടത്തുന്നത് അറിയാതെയാണ് ഇത് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ ലാഭം കിട്ടുമെന്ന് അറിയുമ്പോള്‍ ആളുകള്‍ പ്രലോഭിതരാകുന്നതാണ് വ്യാജ രജിസ്ട്രഷന്‍ കൂടാന്‍ കാരണം. നിലവില്‍ പുറത്ത് വന്ന കേസുകള്‍ക്ക് പുറമെയാണ് പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തി കേരളത്തിലോടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് എടുത്തിട്ടുള്ളത്.


Post A Comment: