ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് 38,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു


മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് 38,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടത്തില്‍ മൂന്ന് പേരെ കാണാതായി. കിഴക്കന്‍ ഫിലിപ്പീന്‍സിലെ ട്രോപ്പിക്കല്‍ മേഖലയിലാണ് 'കായി ടക്ക്' കൊടുങ്കാറ്റ് വീശിയത്. കാണാതായത് മൂന്ന് മത്സ്യത്തൊഴിലാളികളെയാണ്. ഫിലിപ്പീന്‍സില്‍ മൂന്നാമത്തെ വലിയ ദ്വീപായ ശമറിന്‍റെ വടക്കന്‍ ഭാഗത്ത് കൊടുങ്കാറ്റ് ശക്തമായി ആഞ്ഞടിച്ചിരുന്നു. തുടര്‍ന്ന് നിരവധി ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ശമറില്‍ വീശിയ കാറ്റിന്‍റെ ഭാഗമായി അടുത്തുള്ള ലെയ്റ്റ ദ്വീപില്‍ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായതായി അധികൃതര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 4.5 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപുകള്‍ നാല് വര്‍ഷം മുന്‍പ് സൂപ്പര്‍ ടൈഫൂണ്‍ ഹൈയന്‍ കൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്ന് 7,350ത്തില്‍ പരം ആളുകള്‍ മരണപ്പെട്ടിരുന്നു. മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കിഴക്കന്‍ ഫിലിപ്പീസില്‍ കൂടുതല്‍ കനത്ത മഴ ഉണ്ടാകുമെന്നും, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Post A Comment: