ഇന്നലെ രാത്രി എട്ടരയോടെയാണ് ഉഗ്രശബ്ദത്തോടെ ട്രാസ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത്.

കൊടകര: മറ്റത്തൂര്‍കുന്നിലുള്ള കൊടകര 110 കെ.വി. സബ്‌സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി എട്ടരയോടെയാണ് ഉഗ്രശബ്ദത്തോടെ ട്രാസ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചത്. ആകാശത്തേക്ക് തീഗോളം ഉയര്‍ന്നതായി സമീപവാസികള്‍ പറഞ്ഞു. ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സീയറും ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. കണ്‍ട്രോള്‍ പാനലും അനുബന്ധ ഉപകരണങ്ങളും തീപിടിത്തത്തില്‍ പൂര്‍ണമായും നശിച്ചു. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. സബ്‌സ്‌റ്റേഷനിലുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളിലൊന്നാണ് കത്തി നശിച്ചത്. സബ്‌സ്‌റ്റേഷനിലെ നാശനഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ. പൊട്ടിത്തെറിക്കുള്ള കാരണം അവ്യക്തമാണെങ്കിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് അനൗദ്യോഗിക വിവരം. വെള്ളിക്കുളങ്ങര, കൊടകര പോലിസ് സ്ഥലത്തെത്തിയിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് മറ്റത്തൂര്‍, വരന്തരപ്പിള്ളി,കൊടകര, പറപ്പൂക്കര പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇന്നലെ തടസപ്പെട്ടു. പറപ്പൂക്കര, വെള്ളിക്കുളങ്ങര, ചാലക്കുടി സബസ്‌റ്റേഷനുകളില്‍ നിന്ന് രാത്രി വൈകി ചില പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിച്ചു. അറ്റകുറ്റപണി നടത്തി സബ് സ്‌റ്റേഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കുറഞ്ഞത് രണ്ടുദിവസമെങ്കിലും വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Post A Comment: