ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞത്.അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നുറോളം വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കിലുണ്ടായിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ലോറി മറിഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്ന് പട്ടേല്‍ പ്രക്ഷോഭ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. സംഭവം അട്ടിമറിയാണെന്നും ഹര്‍ദിക് ആരോപിച്ചു.
ഗുജറാത്തിലെ ബറൂച്ചിന് സമീപമാണ് കഴിഞ്ഞ ദിവസം ട്രക്ക് മറിഞ്ഞത്. വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം 103 വിവിപാറ്റ് യന്ത്രങ്ങളും 92 ബാലറ്റ് യൂണിറ്റുകളും 93 കണ്‍ട്രോള്‍ യൂണിറ്റുകളും ട്രക്കിലുണ്ടായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ബറൂച്ചിലെ സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ലോറി മറിഞ്ഞത്. ജംബുസര്‍ മണ്ഡലത്തിലെ വോട്ടിങ്ങിനായി കൊണ്ടു പോയ മെഷീനുകളാണ് ഇവ.
അതേസമയം ഇവ ഉപയോഗിച്ച യന്ത്രങ്ങളല്ലെന്ന് ജില്ലാ കളക്ടര്‍ സന്ദീപ് സഗെയ്ല്‍ പറഞ്ഞു. വോട്ടിങ് മെഷീനുകള്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കുന്നതിനായി കൊണ്ടു പോയ മെഷീനുകളാണ് ഇവയെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിന്റെ ഡാറ്റയൊന്നും മെഷീനുകളില്‍ ഇല്ലെന്നും കളക്ടര്‍ പറഞ്ഞു.
അപകടം നടന്നതിന് പിന്നാലെ സ്ഥലത്ത് എത്തിയ പോലീസ് യന്ത്രങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ആരോപണവുമായി ഹര്‍ദിക് പട്ടേല്‍ രംഗത്ത് വന്നത്. ഗുജറാത്തില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ഹര്‍ദിക് നേരത്തെ ആരോപിച്ചിരുന്നു.

Post A Comment: