ജനുവരി 1 മുതലുള്ള 10 ദിവസം കൂത്തമ്പലത്തിലും നിള ക്യാമ്പസ്സിലും ചര്‍ച്ചകളും ക്ലാസുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നടത്തുന്ന പ്രഭാഷണ പരമ്പര 2018 ജനുവരി 1 ന് ആരംഭിക്കുന്നു. പ്രസിദ്ധ കൂടിയാട്ട ഗവേഷകയും ജര്‍മ്മനിയിലെ ടൂബിംഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ പഠനവിഭാഗം അധ്യക്ഷയുമായ ഡോ. ഹൈക്ക ഒബര്‍ലിനാണ് പ്രഭാഷണ പരമ്പരക്ക് എത്തുന്നത്. കേരള സര്‍ക്കാരിന്‍റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അന്തര്‍ദേശീയ പണ്ഡിതന്മാരെക്കൊണ്ട് ക്ലാസുകളും പ്രഭാഷണങ്ങളും നിര്‍വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ പദ്ധതിപ്രകാരമാണ് ഡോ. ഹൈക്കയുടെ ക്ലാസുകളും പ്രഭാഷണങ്ങളും കലാമണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള കലാമണ്ഡലത്തില്‍ നിന്ന് കൂടിയാട്ടം അഭ്യസിച്ച ഡോ. ഹൈക്ക കൂടിയാട്ട കലാകാരിയും മലയാള സംസ്‌കാരവും ഭാഷയും സര്‍വ്വാത്മനാ ഉള്‍ക്കൊണ്ട പണ്ഡിതയുമാണ്. കലാമണ്ഡലത്തിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വേണ്ടി ജനുവരി 1 മുതലുള്ള 10 ദിവസം കൂത്തമ്പലത്തിലും നിള ക്യാമ്പസ്സിലും ചര്‍ച്ചകളും ക്ലാസുകളും സംവാദങ്ങളും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഡോ. ഹൈക്കയുടെ ക്ലാസുകള്‍ കാലടി സംസ്‌കൃത സര്‍വകലാശാല, തിരൂരിലെ മലയാളം സര്‍വകലാശാല, തിരുന്നാവായയിലുള്ള കാലടി സംസ്‌കൃത സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 1 ന് വൈകുന്നേരം 5.00 മണിക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ നിര്‍വഹിക്കും. രജിസ്ട്രാര്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Post A Comment: