വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തിഒല്ലൂര്‍: വെള്ളച്ചാട്ടം കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടില്‍ മൂര്‍ത്തിയുടെ മകന്‍ ഉണ്ണികൃഷ്​ണന്‍ (26), വടക്കേക്കാട് ചിരിയങ്കണ്ടത്ത് സിറിള്‍ (24) എന്നിവരെയാണ് ചീരക്കുണ്ടില്‍നിന്ന്​ 12 കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയാണിത്​. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇവര്‍ ബൈക്കില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. വനത്തില്‍ കയറിയ ഇവര്‍ ആദ്യം ഒാലക്കയം വെള്ളച്ചാട്ടം കണ്ടു. പിന്നീട് നാല് കിലോമീറ്റര്‍ കൂടി കയറി ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന്​ അരികില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങി. അതോടെ തിരിച്ചിറങ്ങി. കുറച്ച്‌ ദൂരം പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത്. അതിനകം സിറിള്‍ തളര്‍ന്നിരുന്നു. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ രാത്രി പാറയുടെ മുകളില്‍ കഴിഞ്ഞു.
തിങ്കളാഴ്ച വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്​നല്‍ കിട്ടിയില്ല. ഉച്ചകഴിഞ്ഞാണ് ഫോണില്‍ കിട്ടിയത്. ഉടനെ സിറിള്‍ സഹോദരിയെ വിളിച്ച്‌ വിവരം അറിയിച്ചു. വൈകാതെ ഫോണിലെ ചാര്‍ജ് കഴിഞ്ഞു. കൊണ്ടുവന്ന ഭക്ഷണം രാത്രിയോടെ തീര്‍ന്നു. തിങ്കളാഴ്ച പകല്‍ മുഴുവന്‍ വെള്ളം കുടിച്ചാണ് കഴിഞ്ഞത്. പകലും രാത്രിയും തിരച്ചിലുകാരുടെ ശബ്​ദം കേ​ട്ടെങ്കിലും ദിശ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്​ അവര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട്​ മൂന്നോടെയാണ്​ വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റ്​ ബാവയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ വനത്തില്‍ കണ്ടെത്തിയത്. ഇവരുടെ സഹായത്തോടെ​ ചീരക്കുണ്ടില്‍ എത്തി. അപ്പോഴേക്ക്​ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ്​ ഇവരെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഒല്ലൂര്‍ സ്​റ്റേഷനില്‍ എത്തിച്ച്‌ മൊഴിയെടുത്തു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്​ഥര്‍ മൊഴിയെടുത്തു. വനത്തില്‍ അതിക്രമിച്ച്‌ കയറിയതിന് ഇവര്‍ക്കെതിരെ കേസെടുക്കും. ഇവരെ കാണാതാ​യെന്ന പരാതിയുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

Post A Comment: