ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം ചെയ്തിട്ടുള്ളതായി വിവരമുണ്ട്

ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബാഗേജ് പരിശോധനയും ദേഹപരിശോധനയും കര്‍ശനമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ജാഗ്രതാ നിര്‍ദേശം. പുതുവത്സര സീസണോടനുബന്ധിച്ച്‌ ഭീകരാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാലാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ ഭീകരാക്രമണ നീക്കങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം ചെയ്തിട്ടുള്ളതായി വിവരമുണ്ട്. പൊതുജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനാണ് അവര്‍ എപ്പോഴും ശ്രമിക്കാറുള്ളത്. ചാവേറാക്രമണം, ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റല്‍, സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ജനത്തിരക്കിനിടയില്‍ സ്ഥാപിക്കല്‍ തുടങ്ങിയ രീതികളാവും അവര്‍ സ്വീകരിക്കുക എന്നാണ് സൂചനകള്‍.  പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളും ഇന്ത്യക്കെതിരെ ആക്രമണത്തിന് പദ്ധയിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുന്നതെന്ന് ബിസിഎഎസ് ചീഫ് രാജേഷ് കുമാര്‍ ചന്ദ്ര പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശ നോട്ടീസില്‍ പറയുന്നു.  ടെര്‍മിനല്‍ ബില്‍ഡിംഗിലും ഏവിയേഷന്‍ ഫെസിലിറ്റി ഏരിയകളിലും ആളുകള്‍ കടന്നുചെല്ലുന്നത് ഒഴിവാക്കുക. പാര്‍ക്കിംഗ് ഏരിയയിലുള്ള വാഹനങ്ങളില്‍ നിരന്തര പരിശോധന നടത്തുക, ഡോഗ് സ്ക്വാഡ്,ബോംബ് സ്ക്വാഡ് എന്നിവയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക, ദ്രുതകര്‍മ്മസേനയുടെ സഹായം ഉറപ്പാക്കുക എന്നീ നിര്‍ദേശങ്ങളും ബിസിഎഎസ് നല്‍കിയിട്ടുണ്ട്.

Post A Comment: