സംഭവത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തും

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന്‍റെ കുടുംബാംഗങ്ങള്‍ക്ക് പാക് അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതാണ് ഇക്കാര്യം. കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ജാദവിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനിലെത്തിയ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ശക്തമായപ്രതിഷേധം രേഖപ്പെടുത്തിയത്.
സംഭവത്തില്‍ ഇന്ത്യ മൗനം വെടിയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്‍റെ ഭാര്യയുടെ താലിമാലവരെ അഴിച്ചുവാങ്ങിയ സംഭവം രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് എഐഎഡിഎംകെ ചൂണ്ടിക്കാട്ടി.
ഇന്ത്യ ആവര്‍ത്തിച്ച്‌ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ ഡിസംബര്‍ 25 നാണ് കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാക് അധികൃതര്‍ അവസരം നല്‍കിയത്. ചാരവൃത്തി ആരോപിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റുചെയ്ത കുല്‍ഭൂഷണ്‍ ജാധവിന് പാക് സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്.


Post A Comment: