ദൈവത്തിന്‍റെയും മാതാപിതാക്കളുടെയും പാദങ്ങളിലായിരിക്കണം വണങ്ങേണ്ടതെന്ന് രജനി 

ചെന്നൈ: പണവും പവറും പ്രശസ്തിയും ഉണ്ടെന്ന് കരുതി ആരുടെയും കാലില്‍ വീഴരുതെന്ന് ആരാധക സംഗമത്തില്‍ സൂപ്പര്‍ സ്റ്റാര്‍രജനീകാന്ത്. ദൈവത്തിന്‍റെയും മാതാപിതാക്കളുടെയും പാദങ്ങളിലായിരിക്കണം വണങ്ങേണ്ടതെന്ന് രജനി തന്‍റെ ആരാധകരോട് ആഹ്വാനം ചെയ്തു. ആരാധക സംഗമത്തിന്‍റെ നാലാംദിനത്തിലായിരുന്നു താരത്തിന്‍റെ അഭിപ്രായ പ്രകടനം.
'എന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച നിലവില്‍ ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒരു ദിവസം കൂടി കാത്തിരിക്കു. 'രാഷ്ട്രീയത്തില്‍ ഞാന്‍ പുതിയ ആളല്ല, എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ എല്ലാ വശവും ആലോചിക്കേണ്ടതായിട്ടുണ്ട്- സൂപ്പര്‍താരം വ്യക്തമാക്കി.  1996ല്‍ ഡി.എം.കെയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്ന്‍. ധാരാളം രാഷ്ട്രീയക്കാര്‍ പണത്തിനും പ്രശസ്തിക്കുമായി തന്‍റെ പേര് ദുരുപയോഗം ചെയ്തിട്ടുണ്ട്. നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നത്. എം.ജി.ആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്‍റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എം.ജി.ആര്‍ ജനങ്ങളുടെ മനസിലുണ്ടാകുമെന്ന് രജനി പറഞ്ഞു. മദ്യം, പുകവലി എന്നിവയില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്ന് ആരാധകരോട് രജനി ആവശ്യപ്പെട്ടു.

Post A Comment: