ആധാര്‍ നിര്‍ബന്ധമാക്കലിനെതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിടും.
ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കലിനെതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുളള തീയതി നീട്ടുന്നത് സംബന്ധിച്ചും കോടതി ഉത്തരവിട്ടേക്കും. ആധാറിന്‍റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി പലതവണ നിര്‍ദേശം നല്‍കിയിട്ടും കേന്ദ്രം ചെവിക്കൊളളുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ പ്രധാനപരാതി. അതിനാല്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്യണം. ആധാര്‍ താല്‍പര്യമുളളവര്‍ മാത്രം എടുത്തിയാല്‍ മതിയെന്ന മുന്‍നിലപാടില്‍ കോടതി ഉറച്ചുനില്‍ക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.  എല്‍പിജി അടക്കം ആറ് സേവനങ്ങള്‍ക്കാണ് ആധാര്‍ നേരത്തേ നിര്‍ബന്ധമാക്കിയത്. പിന്നീടിത് നൂറ്റിമുപ്പത്തിയൊന്‍പത് സേവനങ്ങള്‍ക്ക് കൂടിയാക്കി. പൌരന്‍റെ മുഴുവന്‍ പ്രവൃത്തികളും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാകുമെന്നും ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതി എന്ന നിലയില്‍ നിന്ന് നിയമത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ആധാര്‍ സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം. ബാങ്ക് അക്കൌണ്ട് അടക്കം സേവനങ്ങള്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച്‌ മുപ്പത് വരെ സമയം നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 

Post A Comment: