ഓഖി ചുഴലിക്കാറ്റില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെന്ന് സര്‍ക്കാറിന്‍റെ പുതിയ കണക്കുകള്‍



തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെന്ന് സര്‍ക്കാറിന്‍റെ പുതിയ കണക്കുകള്‍.  പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്‍റെ കണക്കനുസരിച്ച്‌ മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച്‌ പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. അതേസമയം, കൊച്ചിയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്‍റെ അഭിനവ് എന്ന കപ്പലാണ് കണ്ടെത്തിയത്. കാണാതായ 94 ബോട്ടുകളുടേയും ചെറുവള്ളങ്ങളുടേയും പട്ടിക പുറത്തുവിട്ടു. അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്ഭവനിലേക്കു മാര്‍ച്ചു നടത്തും. രാവിലെ പത്തിനു പാളയത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസെപാക്യം ഉദ്ഘാടനം ചെയ്യും. ഇതേ തുടര്‍ന്ന് ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Post A Comment: