ഗവര്‍ണര്‍ പി സദാശിവത്തെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍കണ്ണൂര്‍: ഗവര്‍ണര്‍ പി സദാശിവത്തെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് സിപിഐഎം നേതൃത്വത്തില്‍ നടക്കുന്ന കൊലപാതക രാഷ്ട്രീയം പരാമര്‍ശിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഗവര്‍ണറെ വിമര്‍ശിച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാകുമ്പോള്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കരുത്. സ്വന്തം ചുമതല നിര്‍വഹിക്കന്‍ അദ്ദേഹം തന്റേടം കാട്ടണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ബിജെപി ഉടന്‍ ഗവര്‍ണറെ കാണും. അദ്ദേഹത്തില്‍ നിന്ന് നടപടിയൊന്നുമുണ്ടായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്ന് കുമ്മനം വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച്‌ സിപിഐഎം വീണ്ടും അക്രമം അഴിച്ചുവിടുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യമായി വരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. വിഷയത്തില്‍ പൊലീസ് സിപിഐഎം പക്ഷം പിടിക്കുകയാണെന്ന് ആരോപിച്ച കുമ്മനം വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Post A Comment: