നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ദുബായ്: തന്‍റെ വ്യാപാരസ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലെത്തിയ നടന്‍ ദിലീപിനെ കാത്തിരുന്നത് മലയാളികളുടെ വ്യത്യസ്തമായ സ്വീകരണം. ബുധനാഴ്ച വൈകുന്നേരമായിരുന്നു ദിലീപിന്‍റെ ദേ പുട്ട് റസ്റ്റോറന്റിന്‍റെ ഉദ്ഘാടനം. ഇതിനായി ഒരു ദിവസം മുമ്പ് തന്നെ താരം അമ്മ സരോജത്തോടൊപ്പം ദുബായിലെത്തിയിരുന്നു. നടനും സുഹൃത്തുമായ നാദിര്‍ഷായോടൊപ്പം ബുധനാഴ്ച വൈകുന്നേരം ഏഴോടെയാണ് ദിലീപ് കരാമയിലെ കടയിലെത്തുന്നത്. ദിലീപ് വരുന്നതറിഞ്ഞ് ഇവിടെ വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുണ്ടായിരുന്നു. സ്ഥലത്ത് വന്‍ സരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ദിലീപ് വന്നതറിഞ്ഞ് ആളുകള്‍ കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനും തുടങ്ങി. ഇതിനൊപ്പം ചിലര്‍ നടനെ കൂകി വിളിക്കാനും ചിലര്‍ തുനിഞ്ഞു. ആരാധകരെ കാണാന്‍ റസ്റ്റോറന്റിന്‍റെ പുറത്തിറങ്ങാനായിരുന്നു താരത്തിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ ആരാധകരുടെ ബഹളം ശക്തമായതോടെ റസ്റ്റോറന്റിന്‍റെ മുകളില്‍ കയറി നിന്ന് കൈവീശി കാണിക്കുകയായിരുന്നു. ഇതോടെ ആരാധകരുടെ ബഹളം ശക്തമായി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍റെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ആറംഗ പൊലീസ് സംഘം ദുബായിലെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതാണ് അന്വേഷണ സംഘത്തെ ദുബായിലേക്ക് എത്തിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

Post A Comment: