നരേന്ദ്ര മോദി തന്നെയായിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് സര്‍വേ ഫലം





ദില്ലി: നരേന്ദ്ര മോദി തന്നെയായിരിക്കും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് സര്‍വേ ഫലം. ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെത്തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ടൈംസ് ഗ്രൂപ്പിന്‍റെ ഒമ്പത് ഭാഷകളിലെ മാധ്യമ വിഭാഗങ്ങള്‍ നടത്തിയ സര്‍വേയിലാണ് 79 ശതമാനം പേരും മോദിക്കു തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് വ്യക്തമാക്കിയത്. മോദി നയിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് 2019ലെ തിരഞ്ഞെടുപ്പിലും തുടരേണ്ടതെന്ന അഭിപ്രായമാണ് ഇവര്‍ രേഖപ്പെടുത്തിയത്. മൂന്നു ഘട്ടമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള 72 മണിക്കൂര്‍കൊണ്ട് അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. മോദിയുമായി നേരിട്ട് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായാലും ബിജെപിക്ക് പകരം നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി 73 ശതമാനം പേരും കോണ്‍ഗ്രസിനെ കാണുന്നില്ല. ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ നേതാവായി വന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പേര്‍ പറയുമ്പോള്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ നേതാവായാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് 37 ശതമാനം പേരും പറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവര്‍ 31 ശതമാനമാണ്. എന്നാല്‍ മോദിയില്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവര്‍ 48 ശതമാനമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

Post A Comment: