അവസാനവട്ട കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന സൂചന.

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചു മണിക്കാണ് അവസാനിച്ചത്.
എന്നാല്‍ അവസാനവട്ട കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന സൂചന. അക്രമസംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷിനുകളില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണമുണ്ട്.
പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിംഗ് മെഷിനുകള്‍ വ്യാപകമായി തകരാറിലായതെന്നും മാറ്റിവെച്ച യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിങ് ഉച്ചയോടെ ത്വരിതഗതിയിലാകുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിങ് വീണ്ടും മന്ദഗതിയിലാകുകയായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ 89 മണ്ഡലങ്ങളിലായി 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം പതിനാലിനാണ്. പതിനെട്ടിനാണ് ഫലപ്രഖ്യാപനം നടക്കുക.


Post A Comment: