153 പന്തില്‍ 12 സിക്സറുകളും 13 ഫോറുകളും സഹിതം 208 റണ്‍സാണ് ഓപ്പണറായി വന്ന് പുറത്താകാതെ താരം നേടിയത്

മൊഹാലി: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം പിറന്നത് സാക്ഷാല്‍ ക്രിക്കറ്റ് ദേവത്തിന്‍റെ ബാറ്റില്‍ നിന്ന്. അന്ന് എല്ലാവരും ആഘോഷിച്ചു. എന്നാല്‍ ഇന്ന് ഏകദിന ഇരട്ട സെഞ്ച്വറിക്ക് വിലയില്ലാതാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടേത്. ഏകദിനത്തിലെ തന്റെ മൂന്നാമത്തെ ഇരട്ട ശതകമാണ് ബുധനാഴ്ച മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ സ്വന്തമാക്കിയത്. 153 പന്തില്‍ 12 സിക്സറുകളും 13 ഫോറുകളും സഹിതം 208 റണ്‍സാണ് ഓപ്പണറായി വന്ന് പുറത്താകാതെ താരം നേടിയത്. കോഹ്ലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്ക്കെതിരെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരട്ടശതകമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. നേരത്തെ ശ്രീലങ്കയ്ക്കെതിരെ 264 റണ്‍സ് നേടി ഏകദിനത്തിലെ ടോപ് സ്കോറര്‍ എന്ന റെക്കോര്‍ഡും താരത്തിന് സ്വന്തം. 2013 നവംബര്‍ രണ്ടിന് ബംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെയാണ് ശര്‍മ തന്‍റെ ആദ്യ ഇരട്ടശതകം നേടിയത്. ബാക്കി രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ശ്രീലങ്കയ്ക്കെതിരെ ഈഡന്‍ ഗാര്‍ഡനിലും മൊഹാലിയിലുമാണ് പിറന്നത്.

ഇരട്ട ശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 2010 ല്‍ ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റില്‍ നിന്ന് പിറന്ന 200 റണ്‍സ് ആണ് ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍. പിന്നീട് അടുത്ത വര്‍ഷം ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ സേവാഗും 219 റണ്‍സ് നേടി ഇരട്ടശതകമെന്ന കടമ്പ കടന്നു.

ക്രിക്കറ്റില്‍ ആകെ അഞ്ച് പേരാണ് ഏകദിന ഇരട്ട ശതകം കുറിച്ചത്. സച്ചിന്‍, സേവാഗ്, രോഹിത് എന്നിവരെ കൂടാതെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ പേരിലും ഈ നേട്ടം ഉണ്ട്. ഗെയ്ലിന്‍റെയും ഗുപ്റ്റിലിന്‍റെയും ഒഴികെ 5 ഇരട്ട ശതകങ്ങളും ഇന്ത്യന്‍ പിച്ചിലാണ് പിറന്നത്.

Post A Comment: