അമിതവേഗതയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിങും തത്സമയം ക്യാമറ ഒപ്പിയെടുക്കും



റിയാദ്: സൗദിയില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവരെ കുടുക്കാന്‍ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് ട്രാഫിക് വകുപ്പ്. നിയമലംഘകരെ കണ്ടെത്താന്‍ റോഡിലിറങ്ങുന്ന പട്രോളിങ് വാഹനങ്ങളിലും ട്രാഫിക് വിഭാഗം ക്യാമറകള്‍ സ്ഥാപിച്ചു. അമിതവേഗതയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെയുള്ള ഡ്രൈവിങും തത്സമയം ക്യാമറ ഒപ്പിയെടുക്കും. ക്യാമറയുള്ള സ്ഥലങ്ങളില്‍ മാത്രം വേഗത കുറയ്ക്കുന്നവര്‍ക്ക് ഇതോടെ കനത്ത പിഴ നല്‍കേണ്ടി വരും. സൗദിയിലെ റോഡുകളില്‍ പട്രോളിങ് നടത്തുന്ന ട്രാഫിക് വിഭാഗത്തിന്‍റെ സാധാരണ വാഹനങ്ങളിലാണ് ക്യാമറകള്‍ ഘടിപ്പിച്ചത്. അമിതവേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിക്കല്‍ എന്നിവ ഇത്തരം ക്യാമറകള്‍ നിരീക്ഷിക്കുമെന്ന് ട്രാഫിക് മേധാവി മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകളാണ് നേരത്തെ നിയമലംഘനം പിടിച്ചെടുത്തിരുന്നത്. ഓരോ റോഡിനും നിശ്ചയിച്ചിട്ടുള്ള വേഗത ട്രാഫിക് വിഭാഗത്തിന്‍റെ വാഹനത്തില്‍ സെറ്റ് ചെയ്യും. ശേഷം മുന്നിലൂടെയോ പിന്നിലൂടെയോ അമിതവേഗത്തില്‍ ഏത് വാഹനമെത്തിയാലും ഓട്ടോമാറ്റിക് ക്യാമറ അവരെ പിടികൂടും. ക്യാമറ കാണുമ്പോള്‍ വാഹനം സ്പീഡ് കുറച്ച് മാന്യന്‍മാരാകുന്നവരെ കാത്തിരിക്കുന്നത് പിഴയാണ്. ട്രാഫിക് ചിഹ്നങ്ങളൊന്നുമില്ലാത്ത വാഹനങ്ങളിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനാല്‍ സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ ഇനി കര്‍ശനമായ നിയമങ്ങള്‍ പാലിക്കണം. അല്ലാത്ത പക്ഷം നല്ലൊരു തുക പിഴ ഇനത്തിലേക്ക് നീക്കി വെക്കേണ്ടി വരും. പെട്രോളിതര വരുമാനത്തില്‍ ട്രാഫിക് നിയമലംഘനത്തിന് ചുമത്തുന്ന പിഴകള്‍ മുഖ്യപങ്കുവഹിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Post A Comment: