വൈകീട്ട് നാലരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനം വ്യാഴാഴ്ച നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തില്‍ ചെന്നിത്തല നയിച്ച പടെയാരുക്കം ജാഥ നവംബര്‍ ഒന്നിന് കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച്‌ 30ന് തിരുവനന്തപുരം വെള്ളറടയിലാണ് സമാപിച്ചത്.
സമാപനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ ഒന്നിന് ശംഖുംമുഖത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ച്‌ കഴിഞ്ഞയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് മാറ്റിവെച്ച സമ്മേളനം 14ന് നടത്താന്‍ നിശ്ചയിച്ചത്.
സമാപന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷതവഹിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഓഖി ദുരന്തം വിതച്ച പൂന്തുറയും വിഴിഞ്ഞവും ആദ്യം സന്ദര്‍ശിക്കും. ശേഷം, വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടില്‍ മുന്‍മന്ത്രി ബേബിജോണ്‍ ജന്‍മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സമ്മേളനത്തിലും പങ്കെടുത്തശേഷം രാഹുല്‍ രാത്രി ഏഴരയോടെ ഡല്‍ഹിക്ക് മടങ്ങും.

Post A Comment: