ബിജെപിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കുകയും കേന്ദ്രം ഇക്കാര്യത്തില്‍ സഭയിലെടുത്ത നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തു

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി-കോണ്‍ഗ്രസ് വാക്പോരിനു വിരാമം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ മനഃപ്പൂര്‍വം അപമാനിക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഇരുവരോടും അവര്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിലും വളരെ ആദരവാണു ഞങ്ങള്‍ക്കുള്ളതെന്നും ജയ്റ്റ്ലി പറഞ്ഞു. രാജ്യസഭയിലാണ് ജയ്റ്റ്ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ബിജെപിയുടെ വിശദീകരണം പ്രതിപക്ഷം അംഗീകരിക്കുകയും കേന്ദ്രം ഇക്കാര്യത്തില്‍ സഭയിലെടുത്ത നിലപാടിന് നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും ഭാവിയില്‍ അത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ആഗ്രഹമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ സംസാരിച്ച ഗുലാം നബി ആസാദ് പറഞ്ഞു. 


ഗുജറാത്തിലെ പാലന്‍പുരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ഗുജറാത്ത് തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പാക്കിസ്ഥാനും കൈകോര്‍ക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്വവസതിയില്‍ ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നും മുന്‍ പാക് വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സി എന്നിവര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയത്.

Post A Comment: