200 കോടി രൂപ ചെലവില്‍ ഏഴു ജില്ലകളില്‍ ഉടന്‍ സ്പോര്‍ട്സ് കോംപ്ലക്സുകളുടെ നിര്‍മ്മാണം തുടങ്ങും.


കായികരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ കിഫ്ബിയുടെ സഹായത്തോടെ പഞ്ചായത്ത് ഗ്രൗണ്ടുകളും ജില്ലാ ആസ്ഥാനങ്ങളില്‍ സ്പോര്‍ട്സ് കോംപ്ലക്സുകളും നിര്‍മ്മിക്കുമെന്ന് കായിക വകുപ്പു മന്ത്രി ഏ സി മൊയ്തീന്‍ പറഞ്ഞു. മുപ്പത്തൊന്‍പതാമത് സംസ്ഥാന ജൂനിയര്‍ ബോയ്സിന്‍റെയും ഇരുപതാമത് ജൂനിയര്‍ ഗേള്‍സിന്‍റെയും റസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് തൃശൂര്‍ അഡ്വ. വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 200 കോടി രൂപ ചെലവില്‍ ഏഴു ജില്ലകളില്‍ ഉടന്‍ സ്പോര്‍ട്സ് കോംപ്ലക്സുകളുടെ നിര്‍മ്മാണം തുടങ്ങും. തുടര്‍ന്ന് മറ്റ് ജില്ലകളിലും കോംപ്ലക്സുകള്‍ നിര്‍മ്മിക്കും. 150 കോടി മുതല്‍ മുടക്കില്‍ 25 പഞ്ചായത്തുകളില്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.സിന്തറ്റിക്ക് ട്രാക്കുകളും നിര്‍മ്മിക്കും. ഇതിനായി 10 കോടി ചിലവഴിക്കും. 2010 മുതല്‍ 14 വരെ കുടിശ്ശികയായി കിടക്കുന്ന നിയമനങ്ങള്‍ താമസിയാതെ പൂര്‍ത്തിയാക്കും. കായികമത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ പി എസ് സി വഴിയുണ്ടാക്കും. ഒരു വര്‍ഷം 150 പേര്‍ക്ക് ഇതിലൂടെ ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കായിക രംഗത്തെ പ്രതിഭകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനി വഴി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡിസംബറില്‍ തന്നെ സ്പോര്‍ട്സ് നയം സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെറുപ്രായത്തിലെ കായികമായി പരിശീലനം ലഭിക്കേണ്ടത് ഇന്നത്തെ കുട്ടികള്‍ക്കാവശ്യമാണ്. നമ്മുടെ സംസ്ഥാനം കായികരംഗത്തോട് വളരെ നന്നായി പ്രതികരിക്കുന്നുണ്ടെന്നും അത് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 യോഗത്തില്‍ തൃശൂര്‍ ജില്ലാ റസ്ലിംഗ് അസോസിയേഷന്‍ രക്ഷാധികാരി ധനജ്ഞന്‍ കെ മച്ചിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റസ്ലിംഗ് ഫെഡറേഷന്‍ സെക്രട്ടറി വി എന്‍ പ്രസൂദ് മുഖ്യാതിഥിയായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എ എസ് കുട്ടി, മുന്‍മേയര്‍ കെ രാധാകൃഷ്ണന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇഗ്നി മാത്യു, പി എ ഹസന്‍, റസ്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി ട്ടി ജോഫി, ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി റെനീഷ് ഡാനിയേല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ റസ്ലിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് ഒറ്റാലി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോയ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. അംഗങ്ങളെ മന്ത്രി ആദരിക്കുകയും ചെയ്തു. ഒന്‍പതാം തീയതി ചാമ്പ്യന്‍ഷീപ്പ് സമാപിക്കും. വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും.

Post A Comment: