ഔഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം: ഔഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ ഇടയില്‍ കുറേ ജീവന്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്നും വൈകാരികതയുടെ വേലിയേറ്റങ്ങളുണ്ടാക്കി പ്രശ്ന പരിഹാരത്തിന്‍റെ സാധ്യതകള്‍ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വെെപ്പിന്‍ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനി പത്ത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.  ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. 15 ബോട്ടുകളിലായിട്ടാണ് ഇവര്‍ എത്തിയത്. എത്തിയവരില്‍ അവശരായ ഒമ്പത് പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ചെത്തിയവരില്‍ 27 പേര്‍ മലയാളികളാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട്ടുകാരാണ്.

Post A Comment: