മരത്തംകോട് എകെജി നഗറിലെ 300-ലധികം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്.എരുമപ്പെട്ടി: മരത്തംകോട് എ.കെ.ജി. നഗറിലെ പട്ടയപ്രശ്‌നത്തിന് പരിഹാരമാകുന്നു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ എ സി മൊയ്തീന്‍റെ ഇടപെടല്‍ മൂലമാണ് നാലു പതിറ്റാണ്ടിലേറെയുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിന് പരിഹാരമാകുന്നത്. മരത്തംകോട് എകെജി നഗറിലെ 300-ലധികം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ പട്ടയം ലഭിച്ച് കാലാവധി പൂര്‍ത്തിയാകും മുമ്പ് മറിച്ചുവിറ്റതിനാല്‍ പട്ടയം റദ്ദ് ചെയ്യപ്പെട്ടവരുമുണ്ട്. വര്‍ഷങ്ങളായി പട്ടയം ലഭിക്കുന്നതിനായി അപേക്ഷകളും അതേ തുടര്‍ന്ന് റവന്യൂ തലത്തില്‍ പല അന്വേഷണങ്ങളും നടന്നിരുന്നെങ്കിലും അതൊന്നും പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മന്ത്രി എ.സി. മൊയ്തീന്റെ നിര്‍ദ്ദേശത്തില്‍ ജനപ്രതിനിധികള്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , പട്ടയം ലഭിക്കേണ്ട അപേക്ഷകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യോഗം ചേര്‍ന്നത്. പന്നിത്തടത്ത് നടന്ന യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ , സബ് കളക്ടര്‍ രേണു രാജ് , റവന്യൂ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടയ വിതണത്തിനായി ജനുവരി 1 മുതല്‍ 10 വരെ പ്രദേശത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ വിവര ശേഖരണം നടത്തും. ജനുവരി 30 ന് പട്ടയം ആവശ്യമായവരുടെ സ്ഥലത്തിന്റെ വിവരങ്ങളും ശിപാര്‍ശയും മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുവാനും യോഗത്തില്‍ മന്ത്രി, ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 10 നു ശേഷം പ്രദേശവാസികളുടെ യോഗം ചേരുമെന്നും മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്ന ശിപാര്‍ശയില്‍ വളരെ പെട്ടെന്നുതന്നെ തിരുമാനമെടുക്കുമെന്നും എല്ലാവര്‍ക്കും പട്ടയം കിട്ടുന്നതിനായി മന്ത്രിയെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഇടപെടുമെന്നും എ.സി. മൊയ്തീന്‍ യോഗത്തില്‍ അറിയിച്ചു.

Post A Comment: