ദുരഭിമാനക്കൊലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ദില്ലി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ട് സഹോദരിമാരെ വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18ഉം 14ഉം വയസുള്ള പെണ്‍കുട്ടികളുടെ മരണം ദുരഭിമാനക്കൊലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

നോയിഡയിലെ വരാഉല ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയോടെയാണ് രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടികളുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ മരിച്ച ഒരു പെണ്‍കുട്ടിയുടെ മൂക്കില്‍ കണ്ട മുറിവ് സംശയം ഉളവാക്കുന്നതാണ്. സംഭവം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കൊലപാതകം അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും നോയിഡ എസ്.പി അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു. 


അതേസമയം, സംഭവത്തിന് പിന്നില്‍ മരിച്ച പെണ്‍കുട്ടികളിലൊരാളുടെ കാമുകനാണെന്ന് പിതാവ് ആരോപിച്ചു. പ്രദേശത്തുള്ള പ്രേം എന്ന യുവാവുമായി പെണ്‍കുട്ടികളിലൊരാള്‍ പ്രണയത്തിലായിരുന്നു. ഇവര്‍ 10 ദിവസം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാല്‍ കുടുംബത്തിന് അപമാനം ഉണ്ടാക്കിയെന്ന് ആരോപിച്ച്‌ പിതാവ് ഇവരെ തിരിച്ച്‌ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് രാത്രിയില്‍ താനും ഭാര്യയും ഉറങ്ങുമ്പോള്‍ രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിന്റെ മൊഴിയില്‍ സംശയമുണ്ടെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ ചുരുളഴിക്കാനാവുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Post A Comment: