ഒരു വര്‍ഷമായി യുവതിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍



ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍  യുവാവ്, മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണി (25) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ഒരു വര്‍ഷമായി യുവതിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍.
സന്ധ്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച്‌ ജോലി ചെയ്തിരുന്നു. അടുത്ത ബന്ധവും ഉണ്ടായിരുന്നു.
എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക് നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നു. തന്റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു.
ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച്‌ വാക്കുതര്‍ക്കവുമുണ്ടായി. രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി.
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക് നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്. മരിക്കുന്നതിന് മുമ്പ് യുവാവിനെതിരെ സന്ധ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

Post A Comment: