ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് 10 വര്‍ഷം തികയുമ്പോഴാണ് നിര്‍ണായകറിപ്പോര്‍ട്ട് പുറത്തുവരുന്നത്
കറാച്ചി:  ഉസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് താവളം മാറ്റിയത്  ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ആസൂത്രണം ചെയ്യാനെന്ന് റിപ്പോര്‍ട്ട്. ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട് 10 വര്‍ഷം തികയുമ്പോഴാണ് നിര്‍ണായകറിപ്പോര്‍ട്ട് പുറത്തുവരുന്നതെന്ന പ്രത്യേകതയുമുണ്ട്. 2007 ഡിസംബര്‍ 27നാണ് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ വച്ച് ബേനസീര്‍ ഭൂട്ടോ വെടിയേറ്റ് മരിച്ചത്. അതിശക്തമായ ബോംബ് സ്‌ഫോടനവും ബേനസീര്‍ പങ്കെടുത്ത റാലിയ്ക്ക് നേരെ ഉണ്ടായിരുന്നു. ഈ സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ ബിന്‍ ലാദനായിരുന്നു എന്ന വിവരം ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  2007 ഡിസംബര്‍ 19നാണ് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പാക് സൈന്യം നല്‍കിയ വിവരങ്ങളിലും ബിന്‍ ലാദന്‍റെ വീട്ടില്‍ നടത്തിയ പരിശോധനകളിലും ഇതുസംബന്ധിച്ച സൂചനയുണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ബേനസീര്‍ ഭൂട്ടോയ്ക്ക് പുറമേ അന്ന് പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫ്, ഫസ്ലുര്‍ റഹ്മാന്‍ എന്നിവരെയും വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ബിന്‍ ലാദന്‍ നേരിട്ടയച്ച കൊറിയറിലാണ് സ്‌ഫോടകവസ്തുക്കള്‍ എത്തുകയെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഡിസംബര്‍ 22ന് സ്‌ഫോടനം നടക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Post A Comment: