താമസിച്ചിരുന്ന ബംഗ്ലാവിന് പുറകിലുള്ള പുല്‍മേട്ടില്‍ എലനോര്‍ പ്രണയം പങ്കിട്ടു.


പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ് നിനച്ചിരിക്കാത്ത നേരത്ത് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലും നല്‍കാതെ പടിയിറങ്ങും.  പ്രണയത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലനാണ് എലനോര്‍ ഇസബെല്‍ മേ  തന്‍റെ പ്രിയനോടൊപ്പം മൂന്നാറിലെ ബംഗ്ലാവിലേക്ക് വിരുന്നെത്തിയത്. മൂന്നാറിന്‍റെ സൗന്ദര്യം കണ്ടെത്തിയവരില്‍ ഒരാളായ ഹെന്‍ട്രി മാന്‍സ്ഫീല്‍ഡ് നൈറ്റിന്‍റെ നവവധു. ഇംഗ്ലണ്ടിലെ ബ്യൂഫോര്‍ട്ട് ബ്രാബേസണ്‍ പ്രഭുവിന്‍റെ മകള്‍. ഇംഗ്ലണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ വിവാഹത്തിനു ശേഷം എലനോര്‍ ഭര്‍ത്താവിനൊപ്പം മധുവിധു ആഘോഷിക്കാന്‍ 1894 ഡിസംബറിലെ ക്രിസ്തുമസ് ആഴ്ചയില്‍ മൂന്നാറിലെത്തി. മൂന്നാറിന്‍റെ വശ്യസൗന്ദര്യം ആ ഇരുപത്തിമൂന്നുകാരിയെ വല്ലാതെ ആകര്‍ഷിച്ചു. താമസിച്ചിരുന്ന ബംഗ്ലാവിന് പുറകിലുള്ള പുല്‍മേട്ടില്‍ എലനോര്‍ പ്രണയം പങ്കിട്ടു. തോളുരുമ്മി നിന്ന ഭര്‍ത്താവിനോട് ഏതോ നിമിഷത്തില്‍ പറഞ്ഞു. 'ഞാന്‍ മരിക്കുമ്പോള്‍, എന്നെ ഇവിടെ മറവു ചെയ്യണം''. ഭാര്യയുടെ വാക്കുകള്‍ ഹെന്‍ട്രി അത്ര കാര്യമാക്കിയില്ല. വൈകുന്നേരം തോട്ടമുടമകളായ ഇംഗ്ലീഷുകാരുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് പക്ഷേ എലനോര്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല. ഡിസംബര്‍ 23-ന് അര്‍ദ്ധരാത്രി എലനോര്‍ മരിച്ചു. പ്രിയതമയുടെ അന്ത്യവിശ്രമത്തിന് അപ്പോഴേക്കും ഹെന്‍ട്രി  ഉചിതമായ സ്ഥലം കണ്ടെത്തിയിരുന്നു. തലേദിവസം അവള്‍ ആവശ്യപ്പെട്ട സുന്ദരഭൂമി. ക്രൈസ്റ്റ് ചര്‍ച്ച്‌ ദേവാലയത്തിലെ ശവമടക്ക് രജിസ്റ്ററില്‍ ആദ്യത്തെ പേര് എലനോര്‍ ഇസബെല്‍ മേയുടേതാണ്.

 നവവധു നഷ്ടപ്പെട്ടത് ഹെന്‍ട്രിയെ വല്ലാതെ തകര്‍ത്തു. പല ദിവസങ്ങളിലും പ്രിയതമയുടെ ശവകുടീരത്തില്‍ ഏകനായി നില്‍ക്കുന്ന ആ യുവാവ് മൂന്നാറിന്‍റെ ദുഃഖസാന്ദ്രമായ കാഴ്ചയായി. എലനോറിന്‍റെ മരണശേഷം കണ്ണന്‍ദേവന്‍ കമ്പനിയുടെ ആദ്യ ജനറല്‍ മാനേജരായി ചുമതലയേറ്റ ഹെന്‍ട്രിയാണ് മൂന്നാറിനെ തേയിലയുടെ സമൃദ്ധിയിലേക്ക് ഉയര്‍ത്തിയത്. 1900 ഏപ്രില്‍ 15-ന് ഈസ്റ്റര്‍ നാളില്‍ എലനോറിന്‍റെ ശവകുടീരമടങ്ങുന്ന സെമിത്തേരി ഹെന്‍ട്രി ക്രൈസ്റ്റ് ചര്‍ച്ചിന് കൈമാറി. 1911-ല്‍ ബ്രിട്ടീഷ് മാതൃകയില്‍ അവിടെ ദേവാലയവും നിര്‍മ്മിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വാര്‍ദ്ധക്യകാലത്ത് ഹെന്‍ട്രി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. മൂന്നാറിന്‍റെ വശ്യസൗന്ദര്യങ്ങള്‍ക്കിടയില്‍ പൂര്‍ത്തികരിക്കാതെ പോയ ഹെന്‍ട്രിയുടെ സ്വപ്നങ്ങള്‍ ഇന്നും ഒരു തേങ്ങലായി ഇവിടെ അവശേഷിക്കുന്നു.. 

Post A Comment: