ഏജന്‍സി മനഃപൂര്‍വ്വം കേസ് അട്ടിമറിക്കുകയായിരുന്നോ എന്നാണ് എഎപി ഉന്നയിച്ചത്. സിബിഐ മോദിയുടെ കൈയിലെ തത്തയാണെന്നും എഎപി കൂട്ടിച്ചേര്‍ത്തു.

ദില്ലി: ടുജി കേസില്‍ സിബിഐയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) രംഗത്ത്. ഏജന്‍സി മനഃപൂര്‍വ്വം കേസ് അട്ടിമറിക്കുകയായിരുന്നോ എന്നാണ് എഎപി ഉന്നയിച്ചത്. സിബിഐ മോദിയുടെ കൈയിലെ തത്തയാണെന്നും എഎപി കൂട്ടിച്ചേര്‍ത്തു.
മുന്‍ ടെലികോം മന്ത്രി എ രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പെട്ട കേസില്‍ കോടതി മുമ്പാകെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നാണ് എഎപിയുടെ ആരോപണം. 'രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ടുജി സ്പെക്‌ട്രം അഴിമതി.
യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ കേസാണത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കുറ്റവിമുക്തരും', ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സിബിഐ മനഃപൂര്‍വ്വം കേസ് ഒതുക്കിയതാണോ? ജനങ്ങള്‍ക്ക് കാരണമറിയണമെന്നും അദ്ദേഹം ചോദിക്കുന്നു.
നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐ പ്രതികളെ രക്ഷിച്ചതെന്ന് എഎപി നേതാവ് അശുതോഷും ആരോപിച്ചു. 'ജയ്റ്റ്ലി ജീ, എന്തുകൊണ്ടാണ് സിബിഐ മോദിയുടെ കയ്യിലെ തത്തയെപ്പോലെ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണം, ടുജി അഴിമതി ഏറെ വിവാദമായതായിരുന്നു.
എന്തുകൊണ്ടാണ് ഏജന്‍സിക്ക് തെളിവ് ശേഖരിക്കാന്‍ കഴിയാതിരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. ഇനി പ്രതികളുമായി മോദിക്ക് ബന്ധമുണ്ടോ? രാജ്യത്തോട് മോദി സര്‍ക്കാര്‍ ഡീലിനെപ്പറ്റി പറയണം. സിബിഐ കോടതിക്ക് മുമ്ബാകെ ടുജി കേസിലെ എല്ലാവരും നിരപരാധികളാണെങ്കില്‍ പിന്നെ പ്രതികളാരാണ്?' അശുതോഷ് ചോദിക്കുന്നു.
ഇന്നലെയാണ് രാജ്യത്തെ പിടിച്ചുലച്ച ടുജി കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. 14 പേരായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎംകെയ്ക്കും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാജയ്ക്കും കനിമൊഴിക്കും രാഷ്ട്രീയമായി വലിയ ആശ്വാസം ലഭിക്കുന്നതാണ് കോടതി വിധി.
സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സെയ്നി വിധി പ്രസ്താവിച്ചത്. 2007-08 കാലയളവില്‍ എ രാജ ടെലികോം മന്ത്രിയായിരിക്കെ നടന്ന ടുജി സ്പെക്‌ട്രം ലേലത്തില്‍ ടെലികോം കമ്ബനികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ലൈസന്‍സുകള്‍ വിതരണം ചെയ്തെന്നും അതുവഴി സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷംകോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നുമായിരുന്നു 2010 ല്‍ സിഎജി കണ്ടെത്തിയത്.


Post A Comment: