ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട് കുന്നംകുളത്തെ വിപണി സജീവമായി.



കുന്നംകുളം: സഹനത്തിന്‍റെ മിഴിനിറയ്ക്കുന്ന ഒരായിരം ഓര്‍മ്മകളുമായ് വിരുന്നെത്തുന്ന  ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട്  കുന്നംകുളത്തെ  വിപണി  സജീവമായി. നക്ഷത്രങ്ങള്‍ കണ്ചിമ്മുന്ന സന്ധ്യകളുടേയും,  മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന ക്രിസ്തുമസ്സ് രാത്രികളുടേയും നാളുകളാണ് ഇനി കുന്നംകുളത്തിന്. ഓരോ വര്‍ഷവും പുതുമകള്‍കൊണ്ട് സജീവമാകുന്ന വിപണിയില്‍ ഈ വര്‍ഷവും കണ്ണുചിമ്മിപ്പിക്കുന്ന പുതുപുത്തന്‍ ക്രിസ്തുമസ് സാമഗ്രികള്‍ നിറഞ്ഞുകഴിഞ്ഞു. ക്രിസ്തുമസ്സ് വിപണിയെ തൊട്ടുണര്‍ത്തുന്ന മിന്നാമിന്നി നക്ഷത്രങ്ങളും, പുത്തന്‍ ശൈലിയില്‍ രൂപമാറ്റപ്പെട്ട ജിമിക്കിക്കമ്മല്‍ നക്ഷത്രവും വിപണിയെ ഇതിനോടകം തന്നെ കീഴടക്കി. ഒരായിരം ഓര്‍മ്മകള്‍ കൂടുകൂട്ടിയ പുല്‍ക്കൂടുകളും, ക്രിസ്തുമസ് ട്രീകള്‍, ഗിഫ്റ്റുകള്‍, കാര്‍ഡുകള്‍, ക്രിസ്തുമസ് അപ്പൂപ്പന്‍റെ തൊപ്പികള്‍, ഡ്രെസ്സുകള്‍ തുടങ്ങിയവയെല്ലാം വിപണിയിലെ അവിഭാജ്യ ഘടകം തന്നെയാണ്. ഈ വര്‍ഷവും ലെഡ് സ്റ്റാര്‍ തന്നെയാണ് വിപണിയെ മുന്നോട്ട് കുതിപ്പിക്കുന്നത്.. തഞ്ചത്തില്‍ കണ്ചിമ്മുന്ന മിന്നാമിന്നി ലെഡ് സ്റ്റാര്‍ പ്രായഭേതമന്യേ ഏവരുടെയും ഇഷ്ടതാരമാണ്.100 രൂപ മുതല്‍ 1000 രൂപ വരെയുള്ള ലെഡ് സ്റ്റാര്‍ ആണ് വിപണിയില്‍ ലഭിക്കുന്നത്. പഴമയെ നെഞ്ചോടു ചേര്‍ക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ഇന്നും പ്രിയങ്കരം പേപ്പര്‍ സ്റ്റാര്‍ തന്നെ. 3 അടി മുതല്‍ 12 അടി വരെയുള്ള ക്രിസ്തുമസ് ട്രീകള്‍ വില്പ്പനക്കായുണ്ട്. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി അന്യസംസ്ഥാന തൊഴിലാളികളും കച്ചവട രംഗത്ത് നിറസാന്നിദ്ധ്യമായിക്കഴിഞ്ഞു. വിലനോക്കാതെ ഇഷ്ടപ്പെട്ടത് സ്വന്തമാക്കുന്നവരും ഇത്തരം വിപണികളിലെ സ്ഥിരകാഴ്ചയാണ്.. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്ന കുന്നംകുളത്തിന്‍റെ മണ്ണില്‍ സമയപരിധി ഇല്ലാതെ വിപണി തകൃതിയായി തുടരുകയാണ്.. 

Post A Comment: